
മമ്മൂട്ടി–ധനുഷ് കൂട്ടുകെട്ടിന്റെ ‘ഓം’, ദുൽഖറിന്റെ ‘ആകാശംലോ ഒക താര’; പ്രേക്ഷകർക്ക് ഇരട്ട സിനിമാവിരുന്ന്
മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിൽ സിനിമാപ്രേമികൾ. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം–ചാപ്റ്റർ വൺ: ഉധിരം–ദി ബ്ലഡ് വുഡ്’, ദുൽഖർ നായകനാകുന്ന ‘ആകാശംലോ ഒക താര’ എന്നിവയാണ് ഇന്ന് പ്രദർശനത്തിനെത്തുന്നത്. വ്യത്യസ്ത പ്രമേയങ്ങളുമായി എത്തുന്ന ചിത്രങ്ങൾ ബോക്‌സ് ഓഫീസിലും നേർക്കുനേർ വരും.
മമ്മൂട്ടിയും ധനുഷും ആദ്യമായി തമിഴിൽ ഒന്നിക്കുന്നുവെന്നതാണ് ‘ഓം’ ചിത്രത്തിന്റെ പ്രധാന ആകർഷണം. ‘അമരൻ’ എന്ന വിജയചിത്രത്തിനുശേഷം രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാസ് ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. കരുത്തുറ്റ താരനിരയും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്നത്.
പ്രണയവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’ എത്തുന്നത്. ‘ആകാശത്തിൽ ഒരു താരകം’ എന്നാണ് പേരിന്റെ അർഥം. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ പുതുമുഖം സാത്വിക വീരവല്ലിയാണ് ദുൽഖറിന്റെ നായിക. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ‘ആകാശംലോ ഒക താര’ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ വിതരണം.
ഒരുവശത്ത് മമ്മൂട്ടി–ധനുഷ് കൂട്ടുകെട്ടിന്റെ ആക്ഷൻ ആവേശം; മറുവശത്ത് ദുൽഖറിന്റെ പ്രണയവും സ്വപ്നങ്ങളും നിറഞ്ഞ യാത്ര. ഇരുചിത്രങ്ങളും ഒരുമിച്ചെത്തുന്നതോടെ ആരാധകർക്കും തിയേറ്ററുകൾക്കും ആഘോഷം.










